Home » » 19കാരന്‍ മൂത്രമൊഴിച്ചു; 14 കോടി ലിറ്റര്‍ വെള്ളമുള്ള ജല സംഭരണി വറ്റിച്ചു

19കാരന്‍ മൂത്രമൊഴിച്ചു; 14 കോടി ലിറ്റര്‍ വെള്ളമുള്ള ജല സംഭരണി വറ്റിച്ചു

ഒറിഗോണ്‍, അമേരിക്ക: കൗമാരക്കാരന്‍ മൂത്രമൊഴിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന്  14 കോടി ലിറ്റര്‍ വെള്ളം ശേഖരിച്ചിരുന്ന ജലസംഭരണി പൂര്‍ണമായും  വറ്റിച്ചു. ജലസംഭരണിയിലെ  ഒറിഗോണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലാന്‍ഡ് നഗരത്തിലാണ് സംഭവം. നഗരത്തിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് അധികൃതര്‍ പറഞ്ഞു. 19കാരന്‍ മൂത്രമൊഴിക്കുന്നത് ജലസംഭരണിക്ക് സമീപത്തായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യത്തില്‍ നിന്നാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൗമാരക്കാരനൊപ്പം മറ്റ് രണ്ട് പേരും ഉണ്ടായിരുന്നു. ഇവര്‍ ജലസംഭരണിക്ക് ചുറ്റമുള്ള ഇരുമ്പ് വേലി ചാടിക്കടക്കാന്‍ ശ്രമിച്ചതായും അധികൃതര്‍ പറയുന്നു. ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നഗരത്തില്‍ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. 2011 ജൂണില്‍ പ്രദേശവാസി മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് 2 കോടി ലിറ്റര്‍ വെള്ളം സംഭരിച്ചിരുന്ന നഗരത്തിലെ മറ്റൊരു ജലസംഭരണി പൂര്‍ണമായും വറ്റിച്ചിരുന്നു