Home » » 83,000 ഡോളര്‍ വിലയുള്ള ഒരു ക്യാച്ച്

83,000 ഡോളര്‍ വിലയുള്ള ഒരു ക്യാച്ച്

ഹാമില്‍ട്ടണ്‍ : ക്രിക്കറ്റിലെ ഒരു ക്യാച്ചിന് എന്താണ് വില? മത്സരങ്ങളില്‍ ടീമുകളെ സംബന്ധിച്ച് വിലമതിക്കാനാകാത്തതാണ് പല ക്യാച്ചുകളും. ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കുന്നു എന്നൊരു ചൊല്ല് തന്നെ ഉണ്ട്. ബാറ്റ്‌സ്മാന്‍ തൊടുത്തുവിടുന്ന പന്തിനെ കൈപ്പിടിയിലൊതുക്കുന്ന കളിക്കാരനും അയാളുടെ ടീമിനും ഒരു വിക്കറ്റും ചിലപ്പോള്‍ മത്സരവും നല്‍കുന്നതാണ് പതിവു കാഴ്ച. ഗാലറിയിലിരിക്കുന്നവരാണ് പന്ത് കൈപ്പിടിയിലൊതുക്കുന്നതെങ്കില്‍ അവരുടെ മനസ്സില്‍ നിറയുന്ന സന്തോഷവും ക്യാമറയില്‍ ഒരു നിമിഷം മുഖം തെളിയുന്നതുമാണ് ആകെ കിട്ടുന്ന പ്രതിഫലം ചിലപ്പോള്‍ മൂക്കും തലയും തകരുന്നതിന്റെ വേദനയും. എന്നാല്‍ ന്യൂസിലാന്‍ഡ്- വെസ്റ്റ് ഇന്‍ഡീസ് മത്സരം കണ്ടിരുന്ന മൈക്കല്‍ മോര്‍ട്ടന് ഒരു ക്യാച്ച് നല്‍കിയത് 83,000 ഡോളറാണ്. ഒരു കൈകൊണ്ട് മൈക്കല്‍ പന്ത് കൈക്കലാക്കിയപ്പോള്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനും കൂടിയാണ് അവസാനമായത്. ഒരു സ്‌പോര്‍ണര്‍ഷിപ്പ് പ്രൊമോഷന്റെ ഭാഗമായി പരമ്പരയിലെ ഏതെങ്കിലും ഒരു മത്സരത്തില്‍ ഒരു കൈ കൊണ്ട് ക്യാച്ച് ചെയ്യുന്ന കാണിക്കുള്ളതായിരുന്നു സമ്മാനം. ടുയി എന്ന ബിയര്‍ കമ്പനിയാണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്. കമ്പനി വിതരണ ചെയ്ത ഓറഞ്ച് നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചു നില്‍ക്കവേ വേണം പന്ത് പിടിക്കേണ്ടത്. പരമ്പരയിലെ അവസാന മത്സരമായിട്ടും സമ്മാനത്തിന് ആരും അവകാശികളില്ലാതെ വരും എന്ന അവസ്ഥയിലാണ് മൈക്കല്‍ മോര്‍ട്ടന്‍ വെസ്റ്റിന്‍ഡീസിന്റെ കീരണ്‍ പവല്‍ പറത്തിയ സിക്‌സറും 83,000 ഡോളറും കൈയിലൊതുക്കിയത്.