Home » » ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇമാം അറസ്റ്റില്‍

ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇമാം അറസ്റ്റില്‍

കോട്ടയം: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച സംഭവത്തില്‍ ഇമാമിനെ പോലീസ് അറസ്റ്റുചെയ്തു. പൊന്‍കുന്നം അട്ടിക്കല്‍ വിളക്കത്ത് വീട്ടില്‍ അന്‍സാര്‍(38) ആണ് അറസ്റ്റിലായത്. കോട്ടയം സംക്രാന്തിയിലെ ആരാധനാലയത്തിലെ ഇമാമായിരുന്നു. നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്ന് ഇമാം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ ഇമാമിന്റെകൂടെ വിദ്യാര്‍ഥിനി കയറിപ്പോകുന്നതുകണ്ട സംക്രാന്തി സ്വദേശികള്‍ കാറിനുപിന്നാലെ പോയി. കുമരകത്തെ മുന്തിയ ഹോട്ടലിനു സമീപം കാര്‍ കണ്ടെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പര്‍ദ ധരിച്ച നിലയില്‍ വിദ്യാര്‍ഥിനിയെ കാറില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം പോലീസില്‍ അറിയിച്ചു. കുമരകം പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍, തന്നെ ഭീഷണിപ്പെടുത്തി പലതവണ ഇമാം പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ഇമാമിനെതിരെ പോലീസ് കേസെടുത്തു.

എട്ടാംക്ലാസ് മുതല്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവന്നിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും ഫോണ്‍നമ്പരുകളും ഇമാമില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. നേരത്തെ പലതവണ പെണ്‍കുട്ടിയുമായെത്തി പല റിസോര്‍ട്ടുകളില്‍ താമസിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പിടിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടി ധരിച്ചിരുന്ന പര്‍ദ ഇമാം കാറില്‍ എപ്പോഴും കരുതുന്നതാണെന്ന് പോലീസ് പറഞ്ഞു. വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്ന ബിസിനസ്സും അറസ്റ്റിലായ അന്‍സാറിന് ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും ഇതേപോലെ വിദേശത്ത് ജോലി തരപ്പെടുത്തിനല്‍കിയിരുന്നു. ഇത് മുതലെടുത്ത് പലതവണ വീട്ടിലെത്തി അടുപ്പം സ്ഥാപിക്കുകയും പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വലയിലാക്കുകയുമായിരുന്നു.

ബുധനാഴ്ച കുമരകത്തെ റിസോര്‍ട്ടുകളിലെത്തിച്ച് തെളിവെടുക്കും. കോട്ടയം വെസ്റ്റ് സി.ഐ. എ.ജെ.തോമസ്, കുമരകം എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

നീലിമംഗലം മുസ്‌ലിം ജമാഅത്ത് ഇമാം വി.എസ്.അന്‍സാര്‍ അല്‍ ബദ്‌രി സമുദായവിരുദ്ധപ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇമാംസ്ഥാനത്തുനിന്നു നീക്കിയതായി ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.