Home » » ആറ്റിങ്ങല്‍ കൊലപാതകം: കാമുകനും കാമുകിയും പിടിയില്‍

ആറ്റിങ്ങല്‍ കൊലപാതകം: കാമുകനും കാമുകിയും പിടിയില്‍

 ചുരുളഴിയുന്നത്  അരുംകൊലയുടെ കാണാപ്പുറങ്ങൾആറ്റിങ്ങൽ: ആറ്റിങ്ങലിലെ അരുംകൊലപാതകവുമായി ബന്ധപ്പെട്ട് കാമുകനെയും കാമുകിയെയും പൊലീസ് അറസ്റ്റ്  ചെയ്തു. തിരുവനന്തപുരം കുളത്തൂർ കരിമണൽ തെങ്ങിൻമൂട് മാഗി ഗാർഡൻസിൽ നിനോ മാത്യു (40), ആറ്റിങ്ങൽ കിഴുവിലം മാമം പ്രശാന്തിൽ അനുശാന്തി (30) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.

നിനോ മാത്യുവാണ് കൊലപാതകം നടത്തിയതെങ്കിലും അതിനായി ഗൂഢാലോചന നടത്തിയത് കാമുകിയായ അനുശാന്തിയും ചേ‌ർന്നാണെന്നും നിനോയെ ഒന്നാം പ്രതിയായും അനുശാന്തിയെ രണ്ടാം പ്രതിയായുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ആറ്റിങ്ങലിൽ നടന്ന പത്രസമ്മേളനത്തിൽ റൂറൽ എസ്.പി രാജ്പാൽ മീണ പറഞ്ഞു.
ഭർത്താവിനെയും മകളെയും ഒഴിവാക്കിയാൽ കാമുകനോടൊപ്പം ഒന്നിച്ച് ജീവിക്കാമെന്ന് അനുശാന്തി വാഗ്ദാനം ചെയ്തതനുസരിച്ചാണ് കാമുകൻ നിനോ മാത്യു കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണ സംഭവം പുറത്തു വന്നത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിന് സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്നു വിളിക്കുന്ന ഓമന(57),  ഇവരുടെ മകൻ ലിജീഷിന്റെയും അനുശാന്തിയുടെയും മകളായ സ്വാസ്തിക(4) എന്നിവരെയാണ്  അനുശാന്തിയുടെ കാമുകനായ നിനോ മാത്യു മൃഗീയമായി  വെട്ടി കൊലപ്പെടുത്തിയത്. ലിജീഷ് (35) വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ടെക്നോപാർക്കിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് നിനോ മാത്യുവും അനുശാന്തിയും. ബി.ടെക്കുകാരനായ നിനോ മാത്യു സിംസൺ കമ്പനിയിലെ പ്രോജക്ട് മാനേജരാണ്.

എം.ടെക്കുകാരിയായ അനുശാന്തി കമ്പനിയിലെ ടീം ലീഡറാണ്. അനുശാന്തി 8 വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുകയാണ്. എന്നാൽ 8 മാസമായി നിനോ മാത്യുവും അനുശാന്തിയും തമ്മിൽ വഴിവിട്ട ബന്ധങ്ങൾ ആരംഭിച്ചിരുന്നു. പ്രണയത്തിലായ ഇവർ പലയിടത്തും കറങ്ങിനടന്നിരുന്നു. ഇരു വീട്ടിലും ഇവർ പലകുറി എത്തിയിരുന്നുവത്രേ. വീടുകളിൽ ആരും ഇല്ലാത്ത സമയം നോക്കിയും ഇവർ ഇവിടെ എത്തി വിഹരിച്ചിരുന്നു.
അനുശാന്തിക്ക് അസമയങ്ങളിൽ ഫോൺ വരുന്നതും മെസേജ് വരുന്നതും ശ്രദ്ധയിൽ പെട്ട ഭർത്താവ് ലിജീഷ് ഇതേപ്പറ്റി രണ്ടാഴ്ചമുൻപ് ചോദ്യം ചെയ്തിരുന്നു. ഇതേപ്പറ്റി വീട്ടിൽ വഴക്കു നടന്നിരുന്നു. നിനോയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അതല്ല ഈ നിലയിലാണ് തുടരുന്നതെങ്കിൽ അവനോടൊപ്പം പൊയ്ക്കൊള്ളാനും ലിജീഷ് ഭാര്യയോട് പറഞ്ഞുവത്രേ. എന്നാൽ കാമുകനും കാമുകിയും ചേർന്ന് ലിജീഷിനെയും മകളെയും കൊന്ന് ബാദ്ധ്യത തീർത്ത് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
കൃത്യം നിർവഹിച്ചശേഷം വീടിന്റെ പിറകുവശത്തുകൂടി രക്ഷപ്പെടാനുള്ള വഴി മൊബൈലിൽ റെക്കാഡു ചെയ്ത് നിനോയ്ക്ക് അനുശാന്തി നൽകിയിരുന്നു. കൂടാതെ എപ്പോഴെല്ലാം ആരെല്ലാം വീട്ടിൽ ഉണ്ടാകുമെന്ന വിവരവും നൽകിയിരുന്നു.

അതനുസരിച്ച് വേണ്ട സജ്ജീകരണങ്ങളോടെയാണ് നിനോ എത്തിയത്. സ്വന്തം കാർ കൊണ്ടു വന്നാൽ ആരെങ്കിലും കാണും എന്നു കരുതി കാർ കഴക്കൂട്ടത്ത് ഇട്ട ശേഷം ബസിലാണ് വന്നത്. ബാഗിൽ വെട്ടുകത്തി, ബേസ് ബാൾ സ്റ്റിക്ക്, മുളകുപൊടി, കൃത്യം കഴിഞ്ഞ് മാറാനുള്ള ഷർട്ട് എന്നിവയുമായാണ് ആലംകോട്ടെ തുഷാരത്തിൽ ഉച്ചയ്ക്ക് 12.45 ഓടെ എത്തിയത്.
കാളിംഗ് ബെല്ലടിച്ചപ്പോൾ ഓമന സ്വാസ്തികയെയും എടുത്തുകൊണ്ടെത്തിയാണ് കതകു തുറന്നത്. താൻ ലിജീഷിന്റെ കൂട്ടുകാരനാണെന്നും അയാൾ ജോലിചെയ്യുന്ന കെ.എസ്.ഇ.ബിയിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. ലിജീഷിനെ നേരിൽ കണ്ട് ഒരു വിവാഹം ക്ഷണിക്കാനാണ് വന്നതെന്നു പറഞ്ഞപ്പോൾ ഓമന ലിജീഷിനെ ഫോൺ ചെയ്തു. ബാങ്കിൽ നിൽക്കുകയാണെന്നും ഉടൻ വരുമെന്നും ലിജീഷ് അറിയിച്ചു. അടുക്കളയിലേക്ക് പോയ ഓമനയെയും സ്വാസ്തികയെയും ബാറ്റുകൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്ത് അറ്റുമാറി. നാലുവെട്ട് കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നു. ഓമനയെയും കഴുത്തിൽ വെട്ടിയാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം അര മണിക്കൂറോളം ലിജീഷ് വരുന്നതും കാത്തിരുന്നു. ലിജീഷ് ബൈക്കിൽ എത്തിയപ്പോൾ കതകിനു പിന്നിൽ മറഞ്ഞു നിന്ന നിനോ വീട്ടിലേക്കു കയറിയ അയാളുടെ മുഖത്തേക്ക് മുളകുപൊടി വിതറിയശേഷം വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടിയ വെട്ട് അല്പം മുകളിലേക്ക് ആയിപ്പോയി. നിലവിളിച്ചു കൊണ്ട് അയാൾ പുറത്തേക്ക് ഓടിയതിനാൽ കൊലപ്പെടുത്താനായില്ല. ബഹളം കേട്ട് നാട്ടുകാർ കൂടുന്നതുകണ്ട് നിനോ അനുശാന്തി പറഞ്ഞു കൊടുത്ത വഴിയേ ഓടി രക്ഷപ്പെടുകയായിരുന്നുവത്രേ.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി. അപ്പോഴും ചോര ഒലിപ്പിച്ച് ലിജീഷ് നിൽക്കുകയായിരുന്നു. ലിജീഷാണ് നിനോയുടെ വിവരം നൽകിയത്. ഉടൻതന്നെ പൊലീസ് വിവരം കൈമാറി. മണിക്കൂറുകൾക്കുള്ളിൽ വീട്ടിൽ നിന്നു നിനോയെ പിടികൂടുകയും ചെയ്തു.
യാതൊരു കാരണവശാലും പൊലീസ് തന്നെ പിടികൂടില്ലെന്ന ആത്മവിശ്വാസത്തിലാണ് നിനോ കൃത്യം ചെയ്തത്. കൊലപാതകം നടത്തിയ ശേഷം ഓമനയുടെ കഴുത്തിലുണ്ടായിരുന്ന മാലയും കുട്ടിയുടെ മാലയും ബ്രേസ് ലെറ്റും പൊട്ടിച്ചെടുത്തിരുന്നു. സ്വർണം അപഹരിക്കാനായി ആരോ കൊല നടത്തി എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ലിജീഷ് രക്ഷപ്പെട്ടതാണ് ഇവർ ഉടൻ പിടിയിലാകാൻ കാരണം.
നിനോയും അനുശാന്തിയും ഗൾഫിലേക്ക് കടക്കാനുള്ള എല്ലാ പ്രാരംഭ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. സംഭവം നടക്കുന്ന സമയം അനുശാന്തി ടെക്നോപാർക്കിൽ ഉണ്ടായിരുന്നു. അവിടെ നിന്നു 10.54 നാണ് നിനോ കൃത്യത്തിനായി പുറപ്പെട്ടത്.

നിനോ വിവാഹിതനാണ്. ഇതേ കമ്പനിയിൽ ജോലിചെയ്തിരുന്ന ഒരു യുവതിയെ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക്  4 വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട്. എന്നാൽ കുറേക്കാലമായി ഇവർ ഒരു വീട്ടിലാണെങ്കിലും ഭാര്യയും കുട്ടിയും താഴത്തെ നിലയിലും നിനോ മുകളിലും വെവ്വേറെയാണ് താമസം. ഇരു വീട്ടുകാരും സാമ്പത്തികമായി നല്ല നിലയിലായിരുന്നു. അതിനാൽ ആരും കൊലപാതകത്തിൽ തങ്ങളെ സംശയിക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. കുറേദിവസം കഴിഞ്ഞ് ഇരുവർക്കും കൂടി ഗൾഫിലേക്കു കടന്നാൽ പിന്നെ യാതൊന്നും പേടിക്കാനില്ലെന്നാണ് കരുതിയിരുന്നതത്രേ.