Home » » പുത്തൂർ : കാമുകനും സുഹൃത്തും കൂടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ടി.ടി.സി വിദ്യാർത്ഥിനിയെ വിവാഹ ദിവസം

പുത്തൂർ : കാമുകനും സുഹൃത്തും കൂടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ടി.ടി.സി വിദ്യാർത്ഥിനിയെ വിവാഹ ദിവസം


പുത്തൂർ : കാമുകനും സുഹൃത്തും കൂടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ടി.ടി.സി വിദ്യാർത്ഥിനിയെ വിവാഹ ദിവസം വഴിയിൽ ഉപേക്ഷിച്ചു. കൊട്ടിയം മുഖത്തല കിഴവൂർ സ്വദേശിനിയായ 19 കാരിക്കാണ് പീഡനമേറ്റത്. യുവതിയെ കൊല്ലം മഹിളാ  മന്ദിരത്തിൽ പ്രവേശിച്ചു. സംഭവത്തെപ്പറ്റി കൊട്ടിയം പൊലീസ് പറയുന്നതിങ്ങനെ,  പാലക്കാട് പട്ടാമ്പി സ്വദേശിയായ ബന്ധുവുമായി യുവതിയുടെ വിവാഹം ഇന്നലെ നടക്കാനിരിക്കയായിരുന്നു. ടി.ടി.സിക്ക് പഠിക്കുവാൻ സ്ഥിരമായി പോകാറുണ്ടായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കൊട്ടാരക്കര കുളക്കട സ്വദേശി രാജേഷ്(29)മായി യുവതി അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചുകൊണ്ടായിരുന്നു രാജേഷ് യുവതിയുമായി പ്രേമ ബന്ധം തുടങ്ങിയത്. യുവതിയുടെ വീട്ടുകാർ വിവരമറിഞ്ഞതോടെ ഈ ബന്ധത്തിനെതിർപ്പായി. ടി.ടി.സി പഠനവും മുടങ്ങി. പിന്നീടാണ് പട്ടാമ്പിക്കാരനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞ രാജേഷ് താൻ ഭാര്യയുമായുളള വിവാഹ ബന്ധം ഉപേക്ഷിച്ചുവെന്നും ഒന്നിച്ചു ജീവിക്കാമെന്നും പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയിലാണ് യുവതിയെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിക്കുന്നത്. തുടർന്ന് അന്വേഷണം നടക്കവെ കുളക്കടയിൽ രാജേഷിന്റെ വീടിന് സമീപത്തായി യുവതി നിൽപ്പുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. പന്തളത്തും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇവിടെ ഇറക്കിവിടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. രാജേഷിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ അജിയുടെ ഓട്ടോയിലായിരുന്നു പല സ്ഥലങ്ങളിലും കൊണ്ടു പോയത്. രാജേഷിനെയും അജിയെയും പ്രതി ചേർത്ത് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. യുവതിയെ സ്റ്റേഷനിൽ കൊണ്ടുവന്നെങ്കിലും രക്ഷിതാക്കൾ ഏറ്റെടുക്കാൻ താത്പര്യം കാണാഞ്ഞതിനാലാണ് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.