Home » » മൂകാംബികയില്‍ 'താര'മായി സരിത

മൂകാംബികയില്‍ 'താര'മായി സരിത



കൊല്ലൂര്‍ : മൂകാംബിക ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ദര്‍ശനത്തിനെത്തിയ ഭക്തര്‍ ഒരു കാഴ്ച കണ്ട് ഞെട്ടി. ഒരു സ്ത്രീക്ക് ചുറ്റും ആളുകള്‍ തിങ്ങിക്കൂടുന്നു. ഓട്ടോഗ്രാഫ് വാങ്ങുന്നു. ചിലര്‍ നീട്ടുന്നത് നോട്ടുകളാണ്. ചിരിയോടെ അവര്‍ അതില്‍ ഒപ്പിട്ടുകൊടുക്കുന്നു. 

ഏതെങ്കിലും സിനിമാതാരമാണെന്ന് കരുതി എത്തിനോക്കിയവര്‍ മുഖം കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്-സരിത നായര്‍!! സോളാര്‍കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ട സരിത നായര്‍. സോളാര്‍വെളിച്ചത്തേക്കാള്‍ തെളിച്ചമുള്ള ചിരിയോടെ മൂകാംബിക സന്നിധിയില്‍ താരപ്രഭ നേടുകയായിരുന്നു സരിത.

സിനിമാതാരങ്ങളായ മീരാനന്ദന്‍ , മഞ്ജുപിള്ള എന്നിവരും വെള്ളിയാഴ്ച ദര്‍ശനത്തിനെത്തിയിരുന്നു. പക്ഷേ ഇവര്‍ക്കൊന്നും കിട്ടാത്ത ജനശ്രദ്ധയാണ് സരിത പിടിച്ചുപറ്റിയത്. സിനിമാതാരങ്ങളോട് ഓട്ടോ ഗ്രാഫ് വാങ്ങാന്‍ ശ്രമിക്കാതിരുന്നവര്‍ സരിതയ്ക്ക് ചുറ്റും തടിച്ചുകൂടി. അവധിക്കാലമായതിനാല്‍ മലയാളികള്‍ ധാരാളം ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയില്‍ വച്ച് ഇവരില്‍ പലരും സരിതയ്ക്ക് ചുറ്റും കൂടി. 

താലവുമെടുത്ത് എത്തിയ സരിതയ്ക്ക് ക്ഷേത്രജീവനക്കാരുടെ അകമ്പടിയുമുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്കും അമ്മയ്ക്കും മറ്റൊരു ബന്ധുവിനുമൊപ്പമാണ് സരിതയെത്തിയത്. പ്രത്യേക ക്യൂവില്‍ വി.ഐ.പി.പരിഗണനയോടെയായിരുന്നു ദര്‍ശനം. തൊഴുതിറങ്ങിയപ്പോഴാണ് പലരും സരിതയെ തിരിച്ചറിഞ്ഞത്. ഇതോടെ കാഴ്ചക്കാരുമേറി. ലളിതാംബിക ഗസ്റ്റ് ഹൗസിലാണ് സരിതയുടെ താമസം.