Home » » സ്‌ത്രീയുടെ കാല്‍മുട്ടില്‍ നൂറുകണക്കിന് സ്വര്‍ണ സൂചികള്‍ കണ്ടെത്തി

സ്‌ത്രീയുടെ കാല്‍മുട്ടില്‍ നൂറുകണക്കിന് സ്വര്‍ണ സൂചികള്‍ കണ്ടെത്തി

സിയൂള്‍: സന്ധിവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ കാല്‍മുട്ട് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നൂറുകണക്കിനു സ്വര്‍ണസൂചികള്‍!അറുപത്തഞ്ചു വയസുള്ള സ്ത്രീ തുടര്‍ച്ചയായ ചികിത്സയിലും വേദന മാറിയില്ലെന്നു പരാതിപ്പെട്ടപ്പോള്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് സ്വര്‍ണ സൂചികള്‍ കണ്ടെത്തിയത്.കാല്‍മുട്ടിലെ അസ്ഥികള്‍ തേയുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇവര്‍. നിരവധി ഡോക്റ്റര്‍മാരെ കണ്ടിട്ടും ഫലം കാണാത്തതിനെത്തുടര്‍ന്ന് അവര്‍ ചെറിയ സൂചികള്‍ ഉപയോഗിച്ച് വേദന കൂറയ്ക്കുന്ന അക്യൂപഞ്ചര്‍ ചികിത്സയ്ക്ക് വിധേയയായി.അക്യൂപഞ്ചര്‍ ചെയ്ത ഡോക്ടര്‍ ചികിത്സയ്ക്ക് ശേഷം സ്വര്‍ണത്തിലുള്ള സൂചികള്‍ തിരികെയെടുക്കാതെ സ്ത്രീയുടെ ചര്‍മ്മകലകള്‍ക്കകത്ത് നിക്ഷേപിക്കുകയായിരുന്നു. കൂടുതല്‍ സമയം ചികിത്സയുടെ ഫലം നില നില്‍ക്കാനായാണ് സൂചികള്‍ തിരികെയെടുക്കാതിരുന്നത്. ശരീരത്തിനകത്ത് പുറമേയുള്ള വസ്തുക്കള്‍ ഉപേക്ഷിച്ചാല്‍ ശരീരം അത് പുറന്തള്ളാന്‍ ശ്രമിക്കുകയും ഇന്‍ഫേക്ഷന്‍ ഉണ്ടാകുമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൂചികള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചാല്‍ ധമനികള്‍ക്ക് ക്ഷതം സംഭവിച്ചേക്കുമെന്നതിനാല്‍ ഈ ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് എം ആര്‍ ഐ സ്‌കാന്‍ ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.