Home » » സുരേഷ്‌ഗോപി തിരുവനന്തപുരത്ത് ആം ആദ്മി സ്ഥാനാര്‍ത്ഥി?

സുരേഷ്‌ഗോപി തിരുവനന്തപുരത്ത് ആം ആദ്മി സ്ഥാനാര്‍ത്ഥി?

തിരുവനന്തപുരം: സിനിമാതാരം സുരേഷ്‌ഗോപി തിരുവനന്തപുരത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ട് ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ സൂപ്പര്‍താരം രംഗത്തിറങ്ങുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി യോജിച്ച് പോവില്ലെന്നുള്ള സൂപ്പര്‍താരത്തിന്റെ നിലപാട് സുരേഷ്‌ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയായി.
പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് മുഖംനോക്കാതെ പ്രതികരിക്കുന്ന സുരേഷ്‌ഗോപി വെള്ളിത്തിരക്ക് പുറത്തും തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഹെല്‍മെറ്റ് വേട്ടയുമായി രംഗത്തിറങ്ങിയപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തെ നേരിടാന്‍ സിംഗിനെ ന്യായീകരിച്ച് പരസ്യമായി താരം രംഗത്തിറങ്ങിയിരുന്നു.
മനോരമ ന്യൂസിന്റെ 2013ലെ ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാരം നേടിയ ഋഷിരാജ്‌സിംഗിനെ അനുമോദിച്ച് സംസാരിച്ച സുരേഷ്‌ഗോപി നിയമം തെറ്റിച്ച് ചീറിപ്പായുന്ന മന്ത്രിമാരുടെ വാഹനങ്ങളും തടയണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
കമ്മീഷ്ണര്‍, ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരെ ആവേശഭരിതരാക്കിയ തകര്‍പ്പന്‍ ഡയലോഗിലൂടെയും ആക്ഷന്‍ സീനുകളിലൂടെയും ജനങ്ങളുടെ കൈയ്യടി നേടിയ സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയാല്‍ അത് സൂപ്പര്‍ പോരാട്ടത്തിന് കളമൊരുക്കും