Home » » മുഖ്യമന്ത്രി ഓട്ടോറിക്ഷയില്‍ ; അമ്പരപ്പില്‍ ജനം

മുഖ്യമന്ത്രി ഓട്ടോറിക്ഷയില്‍ ; അമ്പരപ്പില്‍ ജനം

കോട്ടയം : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ മെട്രോയില്‍ യാത്രചെയ്തതു ദേശിയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു . എന്നാല്‍ അതിനെയും കടത്തിവെട്ടിയിരിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി .

സമ്മേളന വേദിയില്‍ സമയത്തെത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുത്തത് ഓട്ടോറിക്ഷ. കുമാരനല്ലൂര്‍ റെയില്‍വേഗേറ്റ് അടച്ചിട്ടിരുന്നതുമൂലമാണ് മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യോഗക്ഷേമസഭ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഓട്ടോറിക്ഷയില്‍ പോകേണ്ടിവന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു യോഗം. എന്നാല്‍, 12.30നാണ് മുഖ്യമന്ത്രിക്ക് എത്താനായത്. വരുന്ന വഴിക്ക് റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കാരണം സമ്മേളന വേദിയില്‍ എത്താന്‍ ഇനിയും വൈകുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി ഔദ്യോഗികവാഹനം ഉപേക്ഷിച്ച് ഗേറ്റിന് അപ്പുറത്തുകിടന്നിരുന്ന ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറുകയായിരുന്നു . ഓട്ടോഡ്രൈവര്‍ ശിവന്‍ ഇതുകണ്ട് ആദ്യം പരിഭ്രമിച്ചു.എന്നാല്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ അതിവേഗം യോഗസ്ഥലത്തേക്ക് പോകാന്‍ ഡ്രൈവറോട് പറഞ്ഞു.

തികഞ്ഞ സി.പി.എം. അനുഭാവിയായ ഓട്ടോഡ്രൈവര്‍ ശിവന് മുഖ്യമന്ത്രിയെ യോഗസ്ഥലത്തെത്തിച്ച ശേഷമാണ് ശ്വാസം നേരെവീണത്.യോഗക്ഷേമസഭയുടെ യോഗസ്ഥലമായ കുമാരനല്ലൂര്‍ ഡി.വി. ഹൈസ്‌കൂളിന്റെ മെയിന്‍ ഗേറ്റ് കടന്നുവന്ന മുച്ചക്രവാഹനത്തില്‍ മുഖ്യമന്ത്രി ഇറങ്ങിയപ്പോള്‍ കണ്ടുനിന്ന സംഘാടകരും നാട്ടുകാരും ഒരുപോലെ ഞെട്ടി. ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍റ് എക്‌സ്പ്രസ് കടന്നുപോയ ഉടനെ ഗേറ്റ് തുറന്നു. സ്റ്റേറ്റ് കാര്‍ അതോടെ സ്‌കൂളിലെത്തി. സുരക്ഷാച്ചുമതലയുള്ള രണ്ട് പോലീസുകാര്‍ മറ്റൊരു ഓട്ടോയില്‍ അപ്പോഴേക്കും സ്‌കൂള്‍മുറ്റത്തെത്തിയിരുന്നു. അടുത്തയിടെ മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായതോര്‍ത്ത പോലീസിനും മുഖ്യമന്ത്രിയുടെ ഓട്ടോയാത്ര പരിഭ്രമമായി. ആദ്യമായാണ് തന്റെ ഓട്ടോയില്‍ ഇതുപോലൊരു വി.വി.ഐ.പി. കയറുന്നതെന്ന് 22 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന ശിവന്‍ പറയുന്നു .

മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ 20 രൂപ നിര്‍ബന്ധപൂര്‍വം നല്‍കി. മുഖ്യമന്ത്രി കയറിയ 'ശിവപ്രിയ' ഓട്ടോ ഉടമ സംക്രാന്തി ചെങ്കോറ്റയില്‍ ശിവന്‍ ഒരു നിമിഷംകൊണ്ട് ഹീറോയായി. ഓട്ടോഡ്രൈവര്‍മാര്‍ ശിവനെ എടുത്തുപൊക്കി സന്തോഷം പങ്കുവച്ചു. യോഗം കഴിഞ്ഞ് മുഖ്യമന്ത്രി തന്‍റെ ഔദ്യോഗികവാഹനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചു