Home » » സഹോദരിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ തലക്കടിച്ചു കൊന്നു

സഹോദരിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ തലക്കടിച്ചു കൊന്നു


കാട്ടാക്കട : പ്രണയം നിരസിച്ചതിന്‍റെ പേരില്‍ യുവാവ്‌ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചു .യുവാവിന്‍റെ ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരനെ അക്രമി തലക്കടിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം കട്ടാക്കടക്ക് സമീപമാണ് പ്രണയത്തിന്റെ പേരില്‍ ഒരാളുടെ ജീവന്‍ നഷ്‌ടമായ സംഭവം അരങ്ങേറിയത്.കാട്ടാക്കട പരുത്തിപ്പള്ളി കുഴിയംകോണം മണലിവിളാകം ചിഞ്ചുഭവനില്‍ ശിവരാജന്‍ - കൃഷ്ണമ്മ ദമ്പതിമാരുടെ മകന്‍ അഭിലാഷ് (25) ആണ് തലക്കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ഒന്‍പതിനാണ് സംഭവം നടക്കുന്നത് അന്ന് തന്നെ പോലിസ് ആക്രമണം നടത്തിയ കോട്ടയ്ക്കകം കുളവിന്‍തല വീട്ടില്‍ ഉണ്ണികൃഷ്ണനെ (24) അറസ്റ്റുചെയ്തിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു . മരിച്ച അഭിലാഷിന്റെ സഹോദരി ചിഞ്ചു (22) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെ കാലമായി ഉണ്ണികൃഷ്ണന്‍ യുവതിയുടെ പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി നടപ്പാണ്.എന്നാല്‍ പെണ്‍കുട്ടി ബന്ധം നിരസിക്കുകയായിരുന്നു . തുടര്‍ന്ന് കഴിഞ്ഞ ജനവരി ഒമ്പതിന് രാവിലെ പതിനൊന്നോടെ ചിഞ്ചുവിന്റെ വീട്ടിലെത്തിയ ഉണ്ണികൃഷ്ണന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ചിഞ്ചുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു . ഈ സമയം വീട്ടിലെത്തിയ അഭിലാഷ് ഉണ്ണികൃഷ്ണനെ തടഞ്ഞു. കൈയിലുണ്ടായിരുന്ന കമ്പിവടി കൊണ്ട് പ്രതി അഭിലാഷിനെ അടിക്കുകയും തലയ്ക്കു അടിയേറ്റ അയാള്‍ ബോധരഹിതന്‍ ആവുകയും സഹോദരനെ ആക്രമിക്കുന്നത് തടഞ്ഞ ചിഞ്ചുവിന്റെ തലയ്ക്കും അടിയേറ്റു .

ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ഉണ്ണികൃഷ്ണനെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചതും പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതും.